ന്യൂഡൽഹി: മുൻ നേതാവ് ഗുലാം നബി ആസാദിനെ പാർട്ടിയിലേക്ക് തിരികെയെത്തിക്കാന്‍ കോൺഗ്രസ്. നേതാക്കളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും അധികം വൈകാതെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ആസാദ് പാർട്ടിയിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ടെന്നും ഇരുവരും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചതായും വൃത്തങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 26 ന് ആസാദ് കോൺഗ്രസ് പാർട്ടിയുമായുള്ള 52 വർഷത്തെ ബന്ധം ഉപേക്ഷിക്കുകയും ഒക്ടോബറിൽ തന്റെ പുതിയ രാഷ്ട്രീയ സംഘടനയായ ‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’ പ്രഖ്യാപിക്കുകയും ചെയ്തു.
വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ, കോൺഗ്രസിന് മാത്രമേ ബിജെപിയുമായി മത്സരിക്കാൻ കഴിയൂ എന്ന് ആസാദ് അവകാശപ്പെട്ടു. അതേസമയം, കോൺഗ്രസിന്റെ നയത്തിന് എതിരല്ലെന്നും എന്നാൽ അതിന്റെ ദുർബലമായ സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടെന്നും ആസാദ് പറഞ്ഞിരുന്നു.
ആസാദിന്റെ പ്രസ്താവനയ്ക്ക് ശേഷം, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ കൺവീനർ ദിഗ്വിജയ സിംഗ് ആസാദിനെ യാത്രയുടെ ഭാഗമാകാൻ പരസ്യമായി ക്ഷണിച്ചു. തുടർന്ന് മുൻ ജി 23 നേതാക്കളായ അഖിലേഷ് പ്രസാദ് സിംഗും ഭൂപീന്ദർ സിംഗും ആസാദുമായി ബന്ധപ്പെടുകയും അദ്ദേഹത്തെ കൂടാതെ കോൺഗ്രസിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.
ജനുവരി മൂന്നിന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിൽ ഗുലാം നബി പങ്കെടുക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിൽ വച്ചായിരിക്കും അദ്ദേഹം യാത്രയുടെ ഭാഗമാകുക.