ഭോപ്പാല്‍: സ്പെല്ലിംങ് തെറ്റിച്ചുവെന്ന കാരണത്താല്‍ അഞ്ചുവയസുകാരിയുടെ വലതുകൈ വളച്ചൊടിച്ച് അധ്യാപകന്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് അതിദാരുണമായ സംഭവം നടന്നത്. സ്കൂളിലെ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് കുട്ടി അധ്യാപകന്റെ അടുക്കല്‍ ട്യൂഷന് പോയിരുന്നത്.
സംഭവത്തില്‍ അധ്യാപകനായ പ്രയാഗ് വിശ്വകര്‍മ്മയെ(22) അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പാരറ്റ് എന്ന വാക്കിന്റെ സ്പെല്ലിംങ് തെറ്റിച്ചതിനാണ് ഇയാള്‍ കുട്ടിയുടെ കൈ വളച്ചൊടിക്കുകയും തല്ലുകയും ചെയ്തതെന്ന് ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മനീഷ് രാജ് സിംഗ് ബദൗരിയ പറഞ്ഞു. ഐപിസി ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇന്‍സ്പെക്ടര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം, ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച കുട്ടിയുടെ വലതുകൈക്ക് ഗുരുതരമായി പൊട്ടല്‍ സംഭവിച്ചിട്ടുണ്ടെന്ന് എന്‍ജിഒ ചൈല്ഡ്ലൈന് ഡയറക്ടര്‍ അര്‍ച്ചന സഹായ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.