തിരുവനന്തപുരം: വര്‍ക്കലയില്‍ 17 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗോപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തില്‍ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു. വടശ്ശേരി സംഗീത നിവാസില്‍ സംഗീതയാണ് (17) കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, സംഗീതയും ഗോപുവും പ്രണയത്തിലായിരുന്നു. അടുത്തിടെ ഇവര്‍ വേര്‍പിരിഞ്ഞു. എന്നാല്‍ മറ്റാരോടെങ്കിലും പെണ്‍കുട്ടിയ്ക്ക് ഇഷ്ടമുണ്ടോയെന്ന് പ്രതിയ്ക്ക് സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിയായ ഗോപു വ്യാജ പേരില്‍ (അഖില്‍) പെണ്‍കുട്ടിയുമായി വീണ്ടും അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇന്നലെ അര്‍ദ്ധ രാത്രി നേരിട്ട് കാണണമെന്ന പറഞ്ഞ പ്രതി, പെണ്‍കുട്ടിയോട് ഇറങ്ങി വരാന്‍ പറയുകയായിരുന്നു. ഗോപുവാണെ സത്യം അറിയാതെ സംഗീത പുറത്തിറങ്ങി ചെല്ലുകയായിരുന്നു.
ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഗോപുവാണെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ ഗോപു സംഗീതയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഗീതയുടെ കഴുത്തിനാണ് വെട്ടേറ്റത്. മുറിവേറ്റ സംഗീത പേടിച്ച് വീട്ടിലേക്ക് ഓടി. രക്തത്തില്‍ കുളിച്ച നിലയില്‍ ആണ് മകള്‍ വാതിലില്‍ മുട്ടിയത് എന്ന് സംഗീതയുടെ അച്ഛന് സജീവ് പൊലീസിന് മൊഴി നല്കി. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ സംഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.