മസ്കറ്റ്: ഒമാനിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്നു പുലര്‍ച്ചെ മുതല്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് മസ്കറ്റ് ഗവര്‍ണറേറ്റില്‍ ഗതാഗതം തടസ്സപ്പെട്ടു. അഖബത്ത് ബൗഷര്‍-അമേറാത്ത് റോഡില്‍ വാഹനങ്ങള്‍ നിരോധിച്ചതായും അല്‍ ഖുവൈര്‍, ഖുറം എന്നി ഫ്ലൈ ഓവറിനു താഴെ കൂടിയുള്ള വാഹനഗതാഗതം അടച്ചിടുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മസ്കത്ത് ഗവര്‍ണറേറ്റിലെ അല്‍ ഖുവൈര്‍, ഖുറം, സീബ്, മബേല എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മസ്കറ്റ്, സൗത്ത് അല്‍ ബത്തിന, നോര്‍ത്ത് അല്‍ ബത്തിന, അല്‍ ദഖിലിയ, മുസന്ദം, അല്‍ ദാഹിറ, അല്‍ ബുറൈമി ഗവര്‍ണറേറ്റുകളില്‍ ബുധാനാഴ്ച്ച വരെ മഴ പെയ്യുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും അറിയിപ്പില്‍ പറയുന്നു.