മലപ്പുറം: ഇപി ജയരാജനെതിരായ അനധികൃത സാമ്പത്തിക ആരോപണത്തില്‍ മുസ്ലീം ലിഗില്‍ ഭിന്നത. വിഷയം സിപിഎം ആഭ്യന്തര കാര്യമാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം തള്ളി ലീഗ് നേതാക്കള്‍ രംഗത്ത്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് കെപിഎ മജീദ് പ്രതികരിച്ചു. പികെ ഫിറോസും സിപിഎമ്മിനെതിരെ രംഗത്തെത്തിരുന്നു.
റിസോര്‍ട്ടില്‍ അടിമുടി ദുരൂഹതയുണ്ട്. സാമ്പത്തിക ഇടപാടില്‍ വലിയ സംശയങ്ങളുണ്ട്. ഇക്കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കാന്‍ പറ്റില്ല, അന്വേഷിക്കണമെന്നായിരുന്നു കെപിഎ മജീദ് ഫേസ്ബുക്കില്‍ കുറിച്ചത്. ആരോപണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
കെപിഎ മജീദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുര്‍വേദ റിസോര്‍ട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അടയാളപ്പെടുത്തല്‍ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കര്‍ കുന്ന് പൂര്‍ണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ളവരെ ആട്ടിയോടിച്ചു.
പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭ അതിവേഗം റിസോര്‍ട്ടിന് അനുമതി നല്കി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവര്ക്കും അറിയാം. കഷ്ടപ്പെട്ട് സമ്ബാദിച്ചതെല്ലാം കണ്വന്ഷന് സെന്റര്‍ പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ.
നിര്‍മ്മാണം തടയാന്‍ ഒരു ചെങ്കൊടിയും ഉയര്‍ന്നില്ല. എതിര്‍പ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ സാമ്ബത്തിക സ്രോതസ്സ് ദുരൂഹമാണ്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ.