കോഴിക്കോട്: കോഴിക്കോട് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മധ്യവയസ്കന് സര്‍വീസ് ലിഫ്റ്റില്‍ തല കുടുങ്ങി മരിച്ചു. കോഴിക്കോട് കൂടത്തായിയിലാണ് അതിദാരുണമായ സംഭവം നടന്നത്. കൂടത്തായി ചക്കികാവ് പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന് (53) ആണ് മരിച്ചത്.
കൂടത്തായിയിലെ ഓഡിറ്റോറിയത്തില്‍ അയല്‍വാസിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ദാസന്. വിവാഹ സദ്യയ്ക്ക് വിളമ്പാന്‍ ആവശ്യമായ പപ്പടവുമായി മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന സര്‍വീസ് ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ തെന്നി വീണ് സമീപത്തെ ഇരുമ്പ് കമ്പിയ്ക്കും ചങ്ങലയ്ക്കിടയിലും ദാസന്റെ തല കുടുങ്ങുകയായിരുന്നു. ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്ന ലിഫ്റ്റ് ഉടന്‍ തന്നെ താഴെയിറക്കി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ദാസനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, ഓഡിറ്റോറിയത്തിലെ സര്‍വീസ് ലിഫ്റ്റിന് സുരക്ഷാ സൗകര്യങ്ങളുണ്ടായിരുന്നില്ല. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: അജിത. മക്കള്‍: ആദില്‍ഷ, ആജിന്‍ഷ. മരുമകന്: സുജീഷ് മറിവീട്ടില്‍താഴം.