ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആയുധങ്ങളും മയക്കുമരുന്നുമായി പാക് ബോട്ട് പിടിയില്‍. കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടികൂടിയത്. 300 കോടി രൂപ വിലവരുന്ന 40 കിലോ ലഹരിമരുന്നും ആറു പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധസാമഗ്രികളും ബോട്ടില്‍നിന്നു കണ്ടെടുത്തു. പത്തുപേരെ കസ്റ്റഡിയിലെടുത്തു. ഡിസംബർ 25, 26 തീയതികളിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഐസിജി അറിയിച്ചു.
300 കോടി രൂപ വിലമതിക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളും ഏകദേശം 40 കിലോഗ്രാം മയക്കുമരുന്നുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഒരു പാക്ക് ബോട്ട് ഇന്ത്യൻ പ്രദേശത്തേക്ക് കടക്കുന്നതായി ഗുജറാത്ത് എടിഎസിൽ നിന്ന് പ്രത്യേക രഹസ്യാന്വേഷണ വിവരം ലഭിച്ചതായി ഐസിജി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തീര അതിർത്തിക്കടുത്ത് വച്ചാണ് അൽ സൊഹൈല്‍ എന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത്. നിലവിൽ ബോട്ടും കസ്റ്റഡിയിലായവരെയും തുടരന്വേഷണത്തിനായി ഗുജറാത്തിലെ ഒഖയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
കഴിഞ്ഞ 18 മാസത്തിനിടെ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും നടത്തുന്ന ഏഴാമത്തെ സംയുക്ത ഓപ്പറേഷനാണിത്. എന്നാൽ ലഹരിമരുന്ന് കൂടാതെ ആയുധങ്ങളും ലഭിക്കുന്നത് ആദ്യമായാണ്. കഴിഞ്ഞ 18 മാസത്തിനിടെ 1,930 കോടി രൂപ വിലമതിക്കുന്ന 346 കിലോഗ്രാം ഹെറോയിൻ പിടികൂടിയതായും 44 പാക്കിസ്ഥാൻ, ഏഴ് ഇറാനിയൻ പൗരന്മാരെ പിടികൂടിയതായും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.