ഇടുക്കി: ഉന്തിയ പല്ലിൻ്റെ പേരിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തില്‍ എസ്സി എസ്ടി കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ. വനംവന്യജീവ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, പിഎസ് സി സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് എസ്സി എസ്ടി കമ്മീഷൻ നിര്‍ദ്ദേശിച്ചു.
പാലക്കാട് അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തുവിനാണ് പല്ല് ഉന്തിയതിന്റെ പേരില്‍ നിയമനം നിഷേധിച്ചത്. പല്ല് ഉന്തിയതാണെന്ന് കാണിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലിക്ക് മുത്തുവിന് അയോഗ്യത കല്‍പ്പിച്ചത്.
വനംവകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് തസ്തികയിലേക്ക് പി.എസ്.സിയുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പ്രകാരമാണ് മുത്തു അപേക്ഷിച്ചത്. നവംബര്‍ മൂന്നിന് നടന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്നു നടന്ന കായികക്ഷമതാ പരീക്ഷയിലും വിജയിക്കുകയും ചെയ്തു. പക്ഷേ, അഭിമുഖത്തിനുള്ള അറിയിപ്പു ലഭിച്ചില്ല. പാലക്കാടുള്ള ജില്ലാ പി.എസ്.സി. ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് എന്ന് രേഖപ്പെടുത്തിയതിനാല്‍ ജോലി നഷ്ടമായി എന്നറിയുന്നത്.
ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് മുത്തുവിൻ്റെ പല്ലിന് തകരാർ വന്നത്. പണമില്ലാത്തത് കൊണ്ട് അന്ന് ചികിത്സിക്കാനായില്ല. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന മുത്തുവിൻ്റെ കുടുംബത്തിൻ്റെ സ്വപ്നമാണ് നിരതെറ്റിയ പല്ലിൻ്റെ പേരിൽ തകർന്നുപോയത്. മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് പിഎസ്സി ആണെന്നും വനംവകുപ്പ് നിസ്സഹായരാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.