കാഠ്മണ്ഡു: പ്രചണ്ഡ എന്ന പേരിലറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ പുതിയ നേപ്പാള്‍ പ്രധാനമന്ത്രി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായ പ്രചണ്ഡയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി നിയമിച്ചു. ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാകുന്നത്.
പ്രതിപക്ഷ പാർട്ടിയായ കമ്യൂണിസ്റ്റ് യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റിനൊപ്പം(യുഎംഎൽ) ചേർന്ന് ഭരിക്കുമെന്നും അഞ്ച് വർഷ കാലയളവിലെ ആദ്യ രണ്ടര വർഷം പ്രധാനമന്ത്രി പദവി കൈയാളുമെന്നും പ്രചണ്ട അറിയിച്ചു. 2025 വരെ സ്ഥാനത്ത് തുടരുമെന്നും അതിന് ശേഷം യുഎംഎല്ലിന് പ്രധാനമന്ത്രി പദവി കൈമാറുമെന്നും പ്രചണ്ട വ്യക്തമാക്കി.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കണമെന്ന ആവശ്യം നേപ്പാളി കോൺഗ്രസ് നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഷേർ ബഹാദുർ ദുബ പരിഗണിക്കാത്തതിനാലാണ് പ്രചണ്ട കൂടുമാറ്റം നടത്തിയത്.
നേപ്പാളി കോൺഗ്രസിനൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രചണ്ട അപ്രതീക്ഷിതമായിയാണ് മറുപക്ഷത്തിനൊപ്പം ചേരുന്നത്. 275 അംഗ ജനപ്രതിനിധി സഭയിൽ 78 സീറ്റുള്ള യുഎംഎല്ലുമായി 32 സീറ്റുള്ള പ്രചണ്ടയുടെ സിപിഎൻ – എം ചേരുന്നതോടെ കേവല ഭൂരിപക്ഷമായ 135 സീറ്റ് സഖ്യത്തിന് കടക്കാനാകും. നേപ്പാളി കോൺഗ്രസ് 89 സീറ്റുമായി പ്രതിപക്ഷത്തെ മുഖ്യ കക്ഷിയാകും.
2008ലും 2016ലുമാണ് പ്രചണ്ഡ മുമ്പ് രണ്ടുതവണ നേപ്പാള്‍ പ്രധാനമന്ത്രിയായത്. 13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ സി.പി.എന്‍-മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം അവസാനപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1996 മുതല്‍ 2006 വരെ മോവോയിസ്റ്റ് രീതികളില്‍ സായുധ പോരാട്ടത്തിന് ശ്രമിച്ച പ്രചണ്ഡ, 2006ല്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നേപ്പാളി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ നേരത്തെ പ്രചണ്ഡ തീരുമാനിച്ചിരുന്നു.