ചങ്ങരംകുളം: മലപ്പുറം പെരുമുക്കില്‍ കരോള്‍ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ചു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
ക്രിസ്മസ് തലേന്ന് കാരൾ അവതരിപ്പിക്കാൻ വാദ്യോപകരണങ്ങളുമായി റോഡിലേക്ക് ഇറങ്ങിയ കുട്ടികളെ മദ്യപസംഘം വടികളും മറ്റും ഉപയോഗിച്ച് മർദിച്ചു. വിദ്യാർഥികൾ വാടകയ്ക്ക് എടുത്ത വാദ്യോപകരണങ്ങളും അക്രമികൾ നശിപ്പിച്ചു.
അക്രമി സംഘം അകാരണമായി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും സംഭവമറിഞ്ഞ് പോലീസ് എത്തുന്നതിന് മുമ്പ് ഇവർ കടന്ന് കളഞ്ഞതായും കുട്ടികൾ അറിയിച്ചു. പരിക്കേറ്റ കുട്ടികളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.