ന്യൂ ഡല്‍ഹി: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മറ്റിയഗവുമായ ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലേക്ക്. വിഷയം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് വിവരം തേടിയത്. അതേസമയം, ഇപി ജയരാജന് കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍, അന്വേഷണത്തിന് പൊളിറ്റ് ബ്യൂറോയുടെ അനുമതി വേണമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.
കഴിഞ്ഞദിവസം, സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇപിക്കെതിരെ പി.ജയരാജന് ആരോപണം ഉന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇപി, കണ്ണൂരില്‍ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും പടുത്തുയര്‍ത്തിയെന്നാണ് പ്രധാന ആരോപണം. ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃതമായി 30 കോടി സമ്പാദിച്ചുവെന്നും ഇ.പി ജയരാജന്റെ മകനും ഭാര്യയും റിസോര്‍ട്ടിന്റെ നടത്തിപ്പുകാരാണെന്നും പി ജയരാജന് ആരോപിക്കുന്നു.
ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും ഇപി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നും പി.ജയരാജന് സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരാതി രേഖാമൂലം എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു എംവി ഗോവിന്ദന് മറുപടി നല്‍കിയത്. അതേസമയം, തനിക്ക് റിസോര്‍ട്ടുമായി ബന്ധമൊന്നുമില്ലെന്നായിരുന്നു ഇപിയുടെ വിശദീകരണം.