ജുനാഗഡ്: ഗുജറാത്തിൽ ഏഴ് വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നു. ജുനഗഡ് ജില്ലയിലെ സോനാർഡി ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം നദിയിൽ തുണിയലക്കാൻ പോകുമ്പോഴാണ് മന്നത്ത് റാത്തോഡ് എന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയതെന്ന് വന്താലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൽ.എച്ച് സുചേന്ദ്ര പറഞ്ഞു.
“രാവിലെ 11 മണിയോടെയാണ് സംഭവം. ഗ്രാമവാസികൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു, അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പുലിയെ പിടിക്കാൻ പ്രദേശത്ത് നാലോ അഞ്ചോ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
മുത്തശ്ശനും മുത്തശ്ശിയും ബഹളം വെച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിയെത്തിയത്. കുട്ടിയെ കടിച്ചെടുത്ത് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയ പുലി നാട്ടുകാർ കല്ലും വടികളും എറിഞ്ഞതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.