തിരുവനന്തപുരം: ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയതിന് കേസെടുക്കണമെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. അഭിജിത്തിനെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിവൈഎഫ്ഐ നേതാവ് അഭിജിത്ത് ജെജെയെ സിപിഐഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാകാന്‍ അഭിജിത്ത് ജെ.ജെ പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പാര്‍ട്ടി നടപടിയെടുത്തത്. ആനാവൂര്‍ നാഗപ്പന് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ. ഈ ആരോപണം ആനാവൂര്‍ നാഗപ്പന് തള്ളിയിരുന്നു.
തിരുവനന്തപുരത്ത് സിപിഎമ്മിന്റേയും വര്‍ഗ ബഹുജന സംഘടനകളുടേയും വഴിവിട്ട പ്രവര്‍ത്തനങ്ങളിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയിൽ ഉയർന്നത് രൂക്ഷ വിമര്‍ശനം. അതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയെ കുടുക്കിയുള്ള ശബ്ദരേഖ പുറത്ത് വരുന്നത്. പ്രായ പരിധി തീരുമാനം എസ്എഫ്ഐയിൽ നടപ്പാക്കിയപ്പോൾ പ്രായം കുറച്ച് കാണിക്കാൻ ഉപദേശിച്ചത് ആനാവൂര്‍ നാഗപ്പനാണ് എന്നാണ് അഭിജിത്ത് വെളിപ്പെടുത്തിയത്. പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റുകൾ കയ്യിലുണ്ടെന്നും അഭിജിത്തിന്റെ ശബ്ദരേഖയില്‍ വെളിപ്പെടുത്തലുണ്ട്. അതേസമയം, അഭിജിത്തിന്റെ ആരോപണം ആനാവൂർ നാഗപ്പന് നിഷേധിച്ചു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏര്യാ കമ്മിറ്റി അംഗവുമായിരുന്നു ജെ ജെ അഭിജിത്ത്. ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചതിന് അഭിജിത്തിനെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു. സഹപ്രവര്‍ത്തകയോട് മോശമായി ഇടപെട്ടതിന് അഭിജിത്തിനെ കഴിഞ്ഞ ദിവസം നേമം ഏരിയാകമ്മിറ്റിയിൽ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിരുന്നു. ശബ്ദരേഖ കൂടി പുറത്തുവന്നതോടെ അഭിജിത്തിനെ സസ്പെൻഡ് ചെയ്തു.