തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് പി. ജയരാജന്. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇപിക്കെതിരെ പി.ജയരാജന് ആരോപണം ഉന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇപി, കണ്ണൂരില്‍ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും പടുത്തുയര്‍ത്തിയെന്നാണ് പ്രധാന ആരോപണം. ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃതമായി 30 കോടി സമ്പാദിച്ചുവെന്നും ഇ.പി ജയരാജന്റെ മകനും ഭാര്യയും റിസോര്‍ട്ടിന്റെ നടത്തിപ്പുകാരാണെന്നും പി ജയരാജന് ആരോപിക്കുന്നു.
ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും ഇപി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നും പി.ജയരാജന് സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.
അതേസമയം, ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി ഗോവിന്ദന് തള്ളിയില്ല. ആരോപണം എഴുതി നല്കാന് പി ജയരാജന് നിര്‍ദ്ദേശം നല്കി. പരാതി രേഖാമൂലം കിട്ടിയാല്‍ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തമാക്കി.