അടുത്ത വർഷം നടക്കാനിരിക്കുന്ന പുരുഷ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെ ഹർമൻപ്രീത് സിംഗ് ആണ് നയിക്കുക. അമിത് രോഹിദാസ് വൈസ് ക്യാപ്റ്റനാണ്. മലയാളി ഗോൾ കീപ്പർ പിആർ ശ്രീജേഷും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
2023 ജനുവരി 13ന് ഭുവനേശ്വറിലും റൂർകിലയിലുമായാണ് ടൂർണമെന്റ് ആരംഭിയ്ക്കുക. കഴിഞ്ഞ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാക്കളാണ് ഇന്ത്യ.
സ്പെയി, വെയിൽസ്, ഇംഗ്ലണ്ട് എന്നിവർ ഉൾപ്പെടുന്ന പൂൾ ഡിയിലാണ് ഇന്ത്യ. 13ന് സ്പെയിനെതിരെ റൂർകിലയിൽ ഇന്ത്യ ആദ്യ മത്സരം കളിക്കും. പൂൾ എയിൽ അർജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഭുവനേശ്വറിലാണ് ഉദ്ഘാടന മത്സരം. ടോക്യോ ഒളിമ്പിക്സിൽ വെള്ളി നേടിയ ഓസ്ട്രേലിയ, ഫ്രാൻസ് എന്നിവരാണ് പൂൾ എയിലെ മറ്റ് ടീമുകൾ. പൂൾ ബിയിൽ ഒളിമ്പിക്സ് ഹോക്കി ചാമ്പ്യൻ ബെൽജിയം, ജർമ്മനി, ജപ്പാൻ, കൊറിയ എന്നിവരും പൂൾ സിയിൽ ചിലി, മലേഷ്യ, നെതർലാണ്ട്സ്, ന്യൂസിലാണ്ട് എന്നിവരും കളിക്കും.