കോട്ടയം: കൈക്കൂലിക്കേസിൽ പിടിയിലായ എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് സി.ജെ.എൽസിയെ സർവകലാശാല പിരിച്ചുവിട്ടു. എൽസിയെ പിരിച്ചുവിട്ട് സർവകലാശാല ഉത്തരവ് ഇറങ്ങി. എൽസി കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടതായി ഉത്തരവിൽ പറയുന്നു. എൽസിയെ പിരിച്ചു വിടാനുള്ള ഒക്ടോബറിലെ ശിപാർശ ഇന്നു ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.
മാർക്ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാർഥിയിൽനിന്നു കൈക്കൂലി വാങ്ങിയതിനെത്തുടർന്ന് വിജലൻസ് എൽസിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് എൽസിയെ സസ്പെൻഡ് ചെയ്തു. അന്വേഷണം നടത്തുന്നതിന് സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽസിയെ പിരിച്ചുവിട്ടത്.
ഈ വർഷം ജനുവരിയിലാണ് വിദ്യാർഥികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് എൽസി വിജിലൻസ് പിടിയിലായത്. എൽസിയുടെ അക്കൗണ്ട് വിവരങ്ങളിൽ നിന്നാണ് വിജിലൻസിന് നിർണായക തെളിവ് കിട്ടിയത്. നാല് വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളായാണ് എൽസിയുടെ അക്കൗണ്ടിലേക്ക് പണം വന്നത്. 2010-2014 ബാച്ചിലെ വിദ്യാർത്ഥികളാണിവർ. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെ നോട്ടമിട്ടായിരുന്നു എൽസിയുടെ നീക്കങ്ങൾ. സാന്പത്തിക ചുറ്റുപാടും മനസിലാക്കി നിരന്തമുള്ള ഫോൺ സംഭാഷണങ്ങളിലൂടെ പണമിടപാടിലേക്ക് എത്തുകയായിരുന്നു. മെഴ്സി ചാൻസിൽ ജയിപ്പിച്ചു തരാമെന്നായിരുന്നു എൽസിയുടെ വാഗ്ദാനം.
എൽസിയുടേയും പണം നൽകിയ വിദ്യാർത്ഥികളുടേയും ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചു. ഈ വിദ്യാർത്ഥികളിൽ രണ്ട് പേരുടെ മാർക്ക് ലിസ്റ്റ് എൽസിയുടെ കംപ്യൂട്ടർ ലോഗ് ഇന്നിൽ നിന്ന് തിരുത്തിയതായി സർവകലാശാല അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എന്നാൽ മാർക്ക് ലിസ്റ്റ് തിരുത്താൻ ആർക്കും പണം നൽകിയിട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. എൽസിയുടെ രോഗ വിവരം അറിഞ്ഞപ്പോൾ സാന്പത്തിക സഹായം നൽകിയതാണെന്നും ചില വിദ്യാർത്ഥികൾ പറയുന്നു. എംബിഎ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ വിദ്യാർത്ഥിനിയിൽ നിന്ന് പണം വാങ്ങുന്നതിനിടെ ജനുവരി 28നാണ് എൽസിയെ സർവകലാശാലയിൽ നിന്ന് വിജിലൻസ് പിടികൂടിയത്.