ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേവുമായി കേന്ദ്ര സര്‍ക്കാര്‍. ഉത്സവകാലവും പുതുവത്സര ആഘോഷവും കണക്കിലെടുത്താണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുകയും ഇത്തരം സ്ഥലങ്ങളില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പരിശോധന നിരക്ക് വര്‍ധിപ്പിക്കണം, ശ്വാസസംബന്ധമായ പ്രശ്നങ്ങളുള്ള രോഗികളെ നിരീക്ഷിക്കണം, ആശുപത്രിയില്‍ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കണം പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കണം തുടങ്ങിയവയും നിർദേശത്തിലുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത പരിശോധിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ചൈനയില്‍ കോവിഡ് കേസുകള്‍ കൂടിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പകർച്ചവ്യാധി സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാണ്ഡവ്യയുടെ പ്രതികരണം.
എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോവിഡ്-19 പ്രതിരോധത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നിലനിർത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു.”പരിഭ്രാന്തരാകേണ്ട കാര്യമില്ല. മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ പരിചയമുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ എല്ലാ പിന്തുണയും നൽകും. ആവശ്യാനുസരണം നടപടിയെടുക്കും” മാണ്ഡവ്യ ട്വീറ്റ് ചെയ്തു.