തിരുവനന്തപുരം: സോളാർ പീഡന കേസില്‍ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി.
മൂന്ന് തവണ മൂന്ന് സ്ഥലങ്ങളിൽ വെച്ച് കെ.സി. വേണുഗോപാൽ പീഡിപ്പിച്ചുവെന്നും അതിന് ശേഷം വൈദ്യസഹായം തേടി എന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇക്കാര്യം സി.ബി.ഐ വിശദമായി അന്വേഷിച്ചു. എന്നാൽ പീഡന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സി.ബി.ഐ. വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ സി.ബി.ഐ. നൽകിയിട്ടുണ്ട്.
പീഡനസമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു. എന്നാൽ ശാസ്ത്രീയപരിശോധന കൂടി നടത്തിയാണ് പരാതി സിബിഐ തള്ളുന്നത്. വേണുഗോപാൽ പീഡിപ്പിക്കുന്നത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ഇതും വ്യാജമാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്.
അതേസമയം, രണ്ട് തവണ ഇവർ നേരിട്ട് കണ്ടിട്ടുണ്ടെന്നും സി.ബി.ഐ. റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ആരോപിക്കപ്പെട്ടതുപോലെ പീഡനം നടന്നു എന്ന് തെളിയിക്കാനുള്ള ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് സി.ബി.ഐ. റിപ്പോർട്ടിൽ പറയുന്നത്.
നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവർക്ക് കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയർന്നത്. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്. എന്നാല്‍, പീഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തിയാണ് അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാര്‍ എന്നിവർക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയത്.