തൊടുപുഴ: തൊടുപുഴയിൽ ബൈക്ക് യാത്രികന്റെ കഴുത്തിൽ കയർ കുരുങ്ങി പെരുക്കേറ്റ സംഭവത്തിൽ പിഡബ്ല്യുഡി ഓവർസിയർഅറസ്റ്റിൽ. തൃശ്ശൂർ മുള്ളൂർക്കര സ്വദേശി സുപർണ്ണയെയാണ് (30) അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. നേരത്തെ കരാറുകാരനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായി.
അപകടം നടന്ന കാരിക്കോട് തെക്കുംഭാഗം റോഡിൻ്റെ നിർമ്മാണത്തിലെ മേൽനോട്ട ചുമതല സുപർണ്ണയ്ക്കായിരുന്നു. യാത്രക്കാരന്റെ കഴുത്തിൽ കയർ കുരുങ്ങിയത് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താത്തത് കൊണ്ടാണ് എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
റോഡ് തടസപ്പെടുത്തുന്നതിന് സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ ഇന്നലെ ചോദ്യം ചെയ്തപ്പോൾ സുപർണ്ണയ്ക്ക് ആയില്ല. മുൻകരുതലുകൾ എടുത്തു എന്ന് കരാറുകാരൻ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് തെറ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.