തിരുവനന്തപുരം: പൊതു സമൂഹം അംഗീകരിക്കാത്ത പ്രവര്‍ത്തനങ്ങളുണ്ടായാൽ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് പാര്‍ട്ടി അംഗങ്ങളെയും നേതാക്കളേയും ഓര്‍മ്മിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കും. സംഘടനാ രംഗത്തെ അടിയന്തര കടമകൾ എന്ന രേഖ സിപിഎം അംഗീകരിച്ചു.
അനധികൃത ഇടപാടുകളും ധനസമ്പാദനവും ലഹരി ഉപയോഗവും മുതൽ പീഡനക്കേസുകൾ വരെ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങൾ പലത് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് കടുപ്പിച്ചത്. തുടര്‍ ഭരണത്തിന്റെ തണലിൽ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു ഇടപെടലും ഇനി വച്ചു പൊറുപ്പിക്കില്ല. കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ ഉറച്ചുനിന്ന് രാഷ്ട്രീയപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകണം. ജനങ്ങള്‍ അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. ഇത്തരം പ്രവണതകളെ ഓരോ ഘട്ടത്തിലും ഇടപെട്ട് തിരുത്തും. വെള്ളം കടക്കാത്ത അറകളുള്ള കമ്പാര്‍ട്ട്മെന്റല്ല സിപിഎമ്മെന്ന് പറഞ്ഞ എംവി ഗോവിന്ദൻ തുടര്‍ ഭരണ പശ്ചാത്തലത്തിൽ ജാഗ്രതയോടെ പെരുമാറണമെന്ന മുന്നറിയിപ്പും നൽകി
കിഫ്ബി ഉൾപ്പെടെ പ്രധാനപ്പെട്ട പദ്ധതികൾക്കുവേണ്ടി ഉപയോഗിച്ച പണം കടംവാങ്ങാനുള്ള പരിധിക്കകത്ത് ചേർത്തിരിക്കുകയാണ്. കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച, നൽകും എന്ന് പറഞ്ഞ ഒരു പദ്ധതിയും ഇപ്പോൾ നൽകില്ല എന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ഇവിടെ ബി.ജെ.പിയും കോൺഗ്രസും എല്ലാ രീതിയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്തുന്നതിനുള്ള പ്രചരണപ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്’, ഗോവിന്ദന് ആരോപിച്ചു.
സംഘപരിവാർ ഹിന്ദുരാഷ്ട്ര നിലപാട് ഉയർത്തിപ്പിടിച്ച് വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പും ശേഷമുള്ള ആർ.എസ്.എസിന്റെ നൂറാം വാർഷികവും ചേർത്തുവെച്ച് ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള കാര്യങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടാനുള്ള പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തുടക്കമെന്ന രീതിയിൽ ജനുവരി 20 മുതൽ 31വരെ എല്ലാ പഞ്ചായത്തുകളിലും കേന്ദ്രവിരുദ്ധ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ മുഴുവൻ വീടുകളിലും സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം തേടി ക്യാംപയിൻ നടത്തും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കും. ബഫർസോൺ വിഷയത്തിൽ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ബഫർസോൺ വിഷയത്തിൽ സർക്കാരിനു തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.