തിരുവനന്തപുരം : സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. മൂന്നുദിവസം നീളുന്ന യോഗത്തില്‍ ബഫര്‍സോണ്‍ വിഷയവും ട്രേഡ് യൂണിയന് നിയന്ത്രണവും ചര്‍ച്ചചെയ്യും. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.
അതേസമയം, വിവാദ പ്രസംഗത്തില്‍ പൊലീസ് കുറ്റവിമുക്തനാക്കിയ സജി ചെറിയാന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയും നേതൃയോഗങ്ങളുടെ ഭാഗമായി ഉയരുന്നുണ്ട്. എം.വി.ഗോവിന്ദന്റെ ലീഗ് അനുകൂല പരാമര്‍ശവും ചര്‍ച്ചയായേക്കും. കഴിഞ്ഞ തവണ മാറ്റിവച്ച ട്രേഡ് യൂണിയന് രേഖ ഇത്തവണ സംസ്ഥാനസമിതി പരിഗണിക്കുമെന്നാണ് വിവരം. വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് രേഖ.