തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റെയിൽവേയുടെ നടപടി. കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ റെയിൽവേ അനുവദിച്ചു. മറ്റന്നാൾ മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക. .
ആകെ 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ.
ക്രിസ്മസ്-പുതുവത്സര അവധിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താൻ മലയാളികള്‍ വലിയ വില കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ്. ഉത്സവ സീസണായതിനാല്‍ വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടി കൂട്ടി. ദീർഘദൂര യാത്രകൾക്ക് സ്ലീപ്പർ ടിക്കറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. തൽക്കാൽ ടിക്കറ്റുകൾ സെക്കന്റുകൾക്കുള്ളിലാണ് തീരുന്നത്. പ്രീമിയം തൽക്കാൽ ടിക്കറ്റിന് സാധാരണ ടിക്കറ്റിന്റെ ആറിരട്ടിയാണ് നിരക്ക്. അതിനിടെ 17 ട്രെയിനുകള്‍ കേരളത്തിലേക്ക് അനുവദിച്ചത് ആശ്വാസമാണ്.