ഗുവാഹത്തി: അസമിൽ മുതിർന്ന കോൺഗ്രസ് നേതാവിനെ ശ്മശാന ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗുവാഹത്തിയിലെ നേതാവായ രാജു പ്രസാദ് ശർമ (65)യാണ് മരിച്ചത്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
നേതാവിന്റെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണം ആത്മഹത്യയാണെന്നും എന്നാൽ എല്ലാ കോണുകളും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
അവിവാഹിതനായ ശർമ, കടുത്ത മതവിശ്വാസിയായിരുന്നെന്ന് പാർട്ടി നേതാക്കൾ പറയുന്നു. പതിവായി ശ്മശാനം സന്ദർശിക്കുന്ന ശർമ ഇവിടെ ധ്യാനത്തിലിരിക്കാറുണ്ടായിരുന്നെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം പാർട്ടി ആസ്ഥാനത്തെത്തിച്ച മൃതദേഹത്തിൽ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറയടക്കമുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. മരിക്കുംമുമ്പുള്ള ശർമയുടെ ആഗ്രഹപ്രകാരം, അദ്ദേഹത്തിന്റെ മൃതദേഹം ഗുവാഹത്തി മെഡിക്കൽ കോളജിന് കൈമാറി.