പാലക്കാട്: ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് എ. ശ്രീനിവാസന്റെ കൊലപാതകം ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) അന്വേഷിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. എൻഐഎ കൊച്ചി യൂണിറ്റാകും കേസ് അന്വേഷിക്കുക. പൊലീസില്‍ നിന്ന് കേസ് ഡയറി ലഭിക്കുന്നമുറയ്ക്ക് കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യും.
നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസാണിത്. സംഭവത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീര്‍ അലി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായിരുന്നു.
2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ കടയില്‍ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി പിറ്റേദിവസം ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക് പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16 ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേർ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.