ബെംഗളൂരു: ഹലാൽ മാംസം നിരോധിക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ കർണാടക സർക്കാർ. ബിൽ സഭ പാസാക്കി നിയമമായാൽ ഇന്ത്യയിൽ ആദ്യമായി ഹലാൽ മാംസ നിരോധനം നടപ്പാക്കുന്ന സംസ്ഥാനമായി കർണാടക മാറും.
ബിജെപി അംഗം രവികുമാറാണ് ബിൽ സഭയിൽ കൊണ്ടുവരാൻ മുൻകൈയെടുത്തത്. ഇതിൽ, ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഒഴികെയുള്ള മറ്റേത് സംഘടനയുടെ ഫുഡ് സർട്ടിഫിക്കേഷനായാലും നിരോധിക്കണമെന്ന് നിർദേശിക്കുന്നുണ്ട്.
സ്വകാര്യ ബില്‍ ആയാണ് രവികുമാര്‍ ഇത് സഭയില്‍ അവതരിപ്പിക്കുക. ഇക്കാര്യം കാണിച്ച് അദ്ദേഹം ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ടിന് കത്തെഴുതിയിരുന്നു. സര്‍ക്കാര്‍ ബില്‍ ആയി അവതരിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുമില്ല.
അനധികൃതമായി വിപണി നിയന്ത്രിക്കാൻ ചില സംഘടനകൾ ഫുഡ് സർട്ടിഫിക്കറ്റ് നൽകുകയാണെന്ന് രവികുമാർ പറഞ്ഞു. ഇത് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ബിൽ . അതേസമയം, ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി .ബില്ലിന് അംഗീകാരം നൽകരുതെന്ന് കോൺഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൗൺസിലിലെ പ്രതിപക്ഷ നേതാവ് ബികെ ഹരിപ്രസാദ് പറഞ്ഞു.
ഉഗാദി ആഘോഷത്തോടനുബന്ധിച്ചാണ് ഹലാൽ മാംസവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായത്. ഹലാൽ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു.