ബെംഗളൂരു: സർക്കാർ സ്കൂളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽനിന്ന് അധ്യാപകൻ തള്ളിയിട്ടതിനെ തുടർന്ന് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. കർണാടകയിലെ ഹഗ്ലി ഗ്രാമത്തിൽ ആദർശ് പ്രൈമറി സ്കൂളിലാണ് സംഭവം. 10 വയസ്സുകാരന് ഭരത് ആണ് മരിച്ചത്.
കുട്ടിയോട് ദേഷ്യപ്പെട്ട അധ്യാപകനായ മുത്തപ്പ കുട്ടിയെ ആദ്യം മണ്‍കോരിക കൊണ്ട് അടിക്കുകയും തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നു എന്നാണ് ആരോപണം.
കരാർ ജീവനക്കാരനായിരുന്ന മുത്തപ്പ ഒളിവിലെന്നാണു സൂചന. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സ്കൂളിലെ അധ്യാപിക കൂടിയായ ഭരതിന്റെ അമ്മ ഗീതാ ബാർക്കറെയും മുത്തപ്പ മർദിച്ചിരുന്നു. ഗീത ഇപ്പോള്‍ പ്രാദേശിക ചികിത്സാകേന്ദ്രത്തില്‍ ചികിത്സയിലാണ്.