ന്യൂയോർക്ക്: ട്വിറ്റർ മേധാവി സ്ഥാനത്ത് തുടരണോ എന്നു ചോദിച്ച് അഭിപ്രായ സർവേ നടത്തി വെട്ടിലായി ഇലോൺ മസ്ക്ക്. ട്വിറ്റർ സി.ഇ.ഒ പദവി ഒഴിയണമോ എന്ന് ചോദിച്ച് നടത്തിയ സർവേയിൽ ഭൂരിഭാഗം പേരും മസ്കിനെതിരെ വോട്ടുചെയ്തു. അഭിപ്രായ വോട്ടെടുപ്പിൽ ഭൂരിഭാഗം പേരും മസ്ക് മാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
17,502,391 പേരാണ് പോളില്‍ പങ്കെടുത്തത്. ഇതില്‍ 57.5 ശതമാനം പേരും മസ്ക് മാറണം എന്നാണ് ഉത്തരം നല്‍കിയത്. ഉത്തരവാദിത്തത്തോടെ വേണം ചോദ്യത്തിന് മറുപടി നല്‍കേണ്ടതെന്നും ഇതനുസരിച്ച് ട്വിറ്റർ പോളിസികളിൽ മാറ്റംവരുത്തുമെന്നും മസ്ക് അറിയിച്ചിരുന്നു.
അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം താൻ അംഗീകരിക്കുമെന്നും മസ്ക് ഉറപ്പു നൽകിയിരുന്നു. അതിനിടെ ട്വിറ്ററിൽ മറ്റു സാമൂഹിക മാധ്യമങ്ങളുടെ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമുഹിക മാധ്യമങ്ങളുടെ കണ്ടന്റും ലിങ്കും ട്വിറ്ററിൽ പങ്ക് വയക്കുന്നതിനാണ് വിലക്ക്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുന്ന മറ്റാരെയെങ്കിലും പദവി ഏൽപ്പിക്കണമെന്നായിരുന്നു ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. ട്വിറ്റർ മേധാവിയായി എത്തിയതിന് ശേഷം വലിയ വിമർശനമാണ് മസ്ക്ക് സമൂഹ മാധ്യമങ്ങളിൽ അഭിമുഖീകരിക്കുന്നത്. മാധ്യമ പ്രവർത്തകരുടെ അക്കൗണ്ട് നീക്കം ചെയ്തതും, ബ്ലൂ ടിക്കിന് നിരക്ക് ഈടാക്കാനുള്ള തീരുമാനവും വിമർശനം ഏറ്റുവാങ്ങിയിരുന്നു.