വയനാട്: കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവിറോണ്മെന്റ് സെന്റർ (KSRSEC) തയ്യാറാക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഉപഗ്രഹ ഭൂപടം വയനാട്ടിൽ ഉണ്ടാക്കിയ ആശങ്കകളും ഭീതികളും അകറ്റുന്നതിന് അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു.
കേരള സർക്കാർ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദഗ്ധ സമിതി അതിന്റെ പ്രാഥമിക റിപ്പോർട്ടിൽ പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങളും നിർദശങ്ങളും ക്ഷണിട്ടുണ്ട്.
KSRSEC തയാറാക്കിയ ഭൂപടത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയുടെ സർവേ നമ്പർ അടക്കമുള്ള വിവരങ്ങളും അതിലെ കെട്ടിടങ്ങളുടെയും മറ്റ് നിർമാണ പ്രവർത്തികളുടെയും വിവരങ്ങളും നൽകുന്നുണ്ട്. ഈ വിവരങ്ങൾ സംബന്ധിച്ച് അതിൽ ഉൾപ്പെട്ട താമസക്കാരിൽ നിന്ന് തനിക്ക് നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. ഭൂമി പൂർണ്ണമായോ ഭാഗികമായോ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയിൽ വരുന്ന നിവാസികൾ അത് അവരുടെ ജീവിതത്തിലും ഉപജീവനമാർഗത്തിലും ഉണ്ടാക്കാൻ സാധ്യതയുള്ള ആഘാതത്തിൽ അഗാധമായ വിഷമത്തിലാണ്.
2022 ജൂൺ 3-ലെ പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ സുപ്രിം കോടതി വിധിയുടെ വെളിച്ചത്തിൽ, വയനാട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളായി നിയോഗിക്കപ്പെട്ട ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ജനങ്ങളിലുണ്ടാക്കിയ ഉത്കണ്ഠയെക്കുറിച്ച് മുൻപും കത്തെഴുതിയിരുന്നെന്നും രാഹുൽ ചൂണ്ടിക്കാട്ടി.