ന്യൂഡൽഹി: ഷാറുഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പഠാന്’ എന്ന സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ ബിജെപി എംഎൽഎ നാരായൺ ത്രിപാഠി കേന്ദ്ര സർക്കാരിന് കത്തയച്ചു. ‘ബേഷ്റം റംഗ്’ എന്ന ഗാനരംഗത്തിലെ ദീപിക പദുക്കോണിന്റെ കാവിവസ്ത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് വാർത്താവിതരണ, പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനാണ് കത്തയച്ചത്.
‘ബേഷ്റം റംഗ്’ എന്ന ഗാനരംഗത്തോടെ സിനിമ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾ കത്തിക്കുമെന്നാണ് ഹിന്ദു സംഘടനകളുടെയും മഹാരാഷ്ട്ര മധ്യപ്രദേശ് ബിജെപിയുടെയും പ്രതികരണം. വിഷയം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
‘പഠാൻ’ എന്ന ചിത്രത്തിലെ ‘ബേഷ്റം റംഗ്’ എന്ന തുടങ്ങുന്ന ഗാനം പുറത്തുവന്നതു മുതലാണ് ബിജെപി നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ ഗാനരംഗത്തിൽ ദീപിക പദുക്കോൺ ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് വിവാദത്തിനു കാരണം. കാവി നിറമുള്ള ബിക്കിനി ഹിന്ദുത്വത്തെ അപമാനിക്കാനുള്ള ബോധപൂർവമുള്ള ശ്രമമാണെന്നാണ് ആരോപണം.