ന്യൂഡൽഹി: അരുണാചൽപ്രദേശ് അതിർത്തിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിനടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ. ‘പ്രഹരമേൽപ്പിച്ചു’ എന്ന വാക്ക് നമ്മുടെ സൈന്യത്തെ പരാമർശിക്കാന്‍ രാഹുൽ ഗാന്ധി ഉപയോഗിക്കരുതായിരുന്നുവെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
“രാഷ്ട്രീയമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രാഷ്ട്രീയ വിമർശനങ്ങൾക്കു ഞങ്ങൾ എതിരല്ല. എന്നാൽ നമ്മുടെ ജവാന്മാരെ നേരിട്ടോ അല്ലാതെയോ വിമർശിക്കുന്നത് ശരിയല്ലെന്നാണ് ഞാൻ കരുതുന്നത്. യാങ്ട്സെയിൽ 13,000 അടി മുകളിലാണ് നമ്മുടെ ജവാന്മാർ അതിർത്തിക്കു കാവൽ നിൽക്കുന്നത്. അവരെ വിശേഷിപ്പിക്കാൻ ഇത്തരം വാക്കുകൾ ഉപയോഗിക്കരുത്.” – ജയശങ്കർ കൂട്ടിച്ചേർത്തു.
ചൈന ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് കോപ്പുകൂട്ടുന്നുവെന്നും മോദി ഭരണകൂടം ‘ഉറങ്ങുക’യാണെന്നും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ ജയ്പുരിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ചൈനീസ് സൈനികർ ഇന്ത്യൻ സൈന്യത്തെ മർദ്ദിച്ചെന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് രാഹുൽ ഗാന്ധിയെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.