തിരുവനന്തപുരം: ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതി ദിവ്യ നായരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് വെഞ്ഞാറമൂട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ഇന്റര്‍വ്യു നടത്തിയ ടെറ്റാനിയത്തിലെ ജനറല്‍ മാനേജര്‍ ശശികുമാരന് തമ്പി, ശ്യാംലാല്‍, പ്രേംകുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
പണം നല്കി ജോലി കിട്ടാതെ കബളിക്കപ്പെട്ടവരുടെ പരാതികളിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തന്നില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് കോട്ടയ്ക്കകം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ മാസം 75,000 രൂപ ശമ്ബളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്. അതേസമയം, 2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പ്രതികള്‍ വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ടൈറ്റാനിയത്തില്‍ ഒഴിവുകള്‍ ഉണ്ടെന്ന് പോസ്റ്റിടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍ബോക്സിലൂടെ മറുപടി നല്‍കും. ഒപ്പം പണവും ആവശ്യപ്പെടും.