പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ്. കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേകം ക്യൂ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും ഇതോടൊപ്പം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടപ്പന്തൽ മുതലാവും ക്യൂ ആരംഭിക്കുക. ക്യൂവിൽ മുൻഗണനയുള്ളവർക്കൊപ്പം തീർഥാടകസംഘത്തിലെ ഒരാളെക്കൂടി അനുവദിക്കും. ഹൈക്കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞ 15ന് ചേർന്ന അവലോകനയോഗത്തിലാണ് പ്രത്യേക ക്യൂ ഒരുക്കാൻ തീരുമാനിച്ചത്.
കുട്ടികളായിട്ട് വരുന്നവർക്ക് ഉടൻ പോകാൻ സാധിക്കും. അങ്ങനെ വരുന്നവർ പ്രത്യേക ക്യൂവിൽ വന്ന് ആ ക്യൂവിലെ നടപ്പന്തലിൽ നിന്ന് പതിനെട്ടാം പടി പോകാനുള്ള സൗകര്യം ഉണ്ടാക്കുന്നുണ്ട്. കുട്ടികൾ തളർന്നു പോയിട്ടുണ്ടെങ്കിൽ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
തിരക്കുള്ള സമയങ്ങളിൽ കുട്ടികളെയും വയോധികരെയും ഭിന്നശേഷിക്കാരെയും പതിനെട്ടാം പടിയിലേക്ക് കടത്തിവിടുന്നതടക്കം സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തുടരുകയാണ്.