തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു. ഉപഗ്രഹ സര്‍വ്വേ ഭാഗികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ പ്രചാരവേലകള്‍ അവസാനിപ്പിക്കണമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.
ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും ആശങ്കകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെ സര്‍ക്കാരിനെതിരായ തെറ്റായ പ്രചാരവേലകളുമായി ഇറങ്ങിയിരിക്കുന്നവരുടെ താല്പര്യങ്ങള് തിരിച്ചറിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷണ പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തില്‍ അപ്രായോഗികമാണെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. ഇതിലാവട്ടെ എല്ലാ നിര്‍മ്മിതികളും ഉള്‍പ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീല്‍ഡ് സര്‍വ്വെയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതി അറിയിക്കാനുള്ള സമയം നീട്ടി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രചരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിപ്പോകരുതെന്നും സിപിഎം മുന്നറിയിപ്പ് നല്കി.
കേരളത്തിന്റെ പരിസ്ഥിതിയും, ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് ഏതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. ജനങ്ങളുടെ ജീവിതം സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ബഫര്‍സോണ്‍ രൂപപ്പെടുത്തുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം ഗാഡ്ഗില്‍ – കസ്തൂരി രംഗന് സമരങ്ങളുടെ മുന്നില്‍ നിന്ന താമരശേരി രൂപത ബഫര്‍ സോണ്‍ വിഷയത്തിലും പ്രതിഷേധത്തിനിറങ്ങുകയാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ ഉപഗ്രഹമാപ്പ് തയ്യാറാക്കിയവര്‍ക്ക് മാപ്പില്ല. അപാകതകള്‍ നിറഞ്ഞ സര്‍വേ റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.