കൊച്ചി: അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസിന് കേന്ദ്ര അനുമതി. പ്രധാന നഗരങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ പാത 544-ന് തുടര്‍ച്ചയെന്ന രീതിയില്‍ ആരംഭിക്കുന്ന ബൈപാസ് ആലുവ, കുന്നത്തുനാട്, കണയന്നൂര്‍ താലൂക്കുകളിലൂടെയായിരിക്കും കടന്നു പോകുന്നത്. ബൈപ്പാസിന്റെ പ്രാഥമിക അലൈന്‍മെന്റ് പൂര്‍ത്തിയായി.
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിക്ക് കീഴിലുള്ള ഗ്രീന്‍ഫീല്‍ഡ് പാതയായാണ് ബൈപാസ് നിര്‍മ്മിക്കുന്നത്. ദേശീയ പാത 66 ല്‍ ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള സ്ഥലങ്ങളിലെ തിരക്കൊഴിവാക്കുകയെന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. നിലവിലെ ദേശീയ പാതയില്‍ നിന്ന് 10 കിലോമീറ്ററിനുള്ളിലൂടെയായിരിക്കും നിര്‍ദിഷ്‌ട ബെപാസ് കടന്നു പോകുന്നത്. 17 വില്ലേജുകളിലൂടെയാണ് ബെപാസ് കടന്നു പോകുന്നത്.
സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ ബൈപാസിന്റെ പ്രാഥമിക അലൈന്‍മെന്റ് തയ്യാറാക്കി കഴിഞ്ഞു. വിവരങ്ങള്‍ റവന്യൂ വകുപ്പിന് കൈമാറിയ ശേഷം സര്‍വ്വേ നമ്പറുകള്‍ പരിശോധിച്ച ശേഷം 3എ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് ദേശീയ പാത 66 സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്‌ടര്‍ പത്മചന്ദ്ര കുറുപ്പ് പറഞ്ഞു. 50 കിലോമീറ്ററാണ് ദേശീയ പാതയുടെ പ്രതീക്ഷിക്കുന്ന നീളം.