തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്.ഐയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തെന്ന് പരാതി. വലിയതുറ എസ്.ഐ. അലീന സൈറസാണ് പരാതി നല്‍കിയത്. പ്രണവ് എന്ന അഭിഭാഷകന്റെ കക്ഷിയെ പോലീസ് നിരീക്ഷിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.
ശനിയാഴ്ച പ്രണവിന്റെ കക്ഷിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെ പ്രണവുമായി വാക്കുതര്‍ക്കമുണ്ടാകുകയും അഭിഭാഷകന് അസഭ്യം പറഞ്ഞുവെന്നും അലീന പറയുന്നു. പിന്നീട് അഭിഭാഷകര്‍ കൂട്ടമായെത്തി തടഞ്ഞു വെച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നുമാണ് പരാതി.
പ്രണവിന്റെ കക്ഷി ജാമ്യത്തിലിറങ്ങിയ ശേഷം ഇവിടുത്തെ പ്രിന്‍സിപ്പല്‍ എസ്.ഐ. ഇയാളെ നീരിക്ഷിക്കുകയുണ്ടായി. ഇതാണ് പ്രണവിനെ പ്രകോപിപ്പിച്ചത്. വലിയതുറ പോലീസ് സ്റ്റേഷനില്‍ നിന്നും ശനിയാഴ്ച കോടതിയിലെത്തിയത് അലീന സൈറസായിരുന്നു. തുടര്‍ന്ന് ഇവരെ പ്രണവ് തടഞ്ഞുവെച്ചു. താനല്ല മറ്റൊരു എസ്.ഐയാണ് നിരീക്ഷണത്തിനു പോയത് എന്ന് പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ അഭിഭാഷകന് അസഭ്യ വര്‍ഷം തുടരുകയായിരുന്നു. ഇതു ചൂണ്ടിക്കാട്ടി അലീന മജിസ്ട്രേറ്റിന് പരാതി സമര്‍പ്പിക്കുകയും ചെയ്തു.