ന്യൂഡൽഹി: വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന് കാരണത്താൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ കഴിയില്ലെന്ന് സർക്കാർ. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്.
വോട്ടർ ഐഡി കാർഡും ആധാറുമായി ബന്ധിപ്പക്കണം എന്നത് നിർബന്ധമല്ല. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയിൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യരുത്. തിരിച്ചറയിൽ രേഖയായി ആധാർ നന്പർ ചോദിക്കാൻ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. എന്നാൽ, ഇത് നിർബന്ധമല്ലെന്നും മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
നിർബന്ധിത വ്യവസ്ഥയിൽ അല്ലാതെ 2022 ഓഗസ്റ്റ് മുതൽ തെരഞ്ഞെടുപ്പു കമ്മീഷൻ വോട്ടർമാരുടെ ആധാർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. എന്നാൽ, ആധാറും തെരഞ്ഞെടുപ്പു തിരിച്ചറിയിൽ കാർഡും ബന്ധിപ്പിക്കണമെന്നത് നിർബന്ധമാണെന്ന തരത്തിൽ നിരവധി ആശയക്കുഴപ്പങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു നൽകിയ ഹർജിയിൽ സുപ്രീം കോടതി കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാരിന് നോട്ടീസും അയച്ചിരുന്നു.