ദോഹ: ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിൽ സൂപ്പർ താരം ലയണൽ മെസ്സിക്കേറ്റ പരിക്കിൽ ആശങ്ക. ഇന്ന് നടന്ന അർജന്റീനയുടെ പരിശീലനത്തിൽ താരം പങ്കെടുത്തിട്ടില്ല. ഇതോടെയാണ് ഫൈനൽ മത്സരം നഷ്ടപ്പെട്ടേക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്.
വെള്ളിയാഴ്ച ടീമിനൊപ്പമുള്ള പരിശീലനം മെസ്സി ഒഴിവാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദ മിററാണ് താരത്തിന്റെ ഫിറ്റ്നസിനെ കുറിച്ച് സംശയം ഉന്നയിച്ചത്. ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിന് ശേഷം മെസ്സി പേശീവലിവ് ബാധിച്ചതുപോലെയാണ് മെസ്സി ഡ്രസ്സിങ് റൂമിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മത്സരത്തിന്റെ തുടക്കത്തിലും മെസ്സി പിന്തുടയില് കൈവെക്കുന്നതും കാണാമായിരുന്നു. പേശീവലിവിനെക്കുറിച്ച് ടീമിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗികമായ വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല.
ഖത്തര്‍ ലോകകപ്പില്‍ ഇതിനോടകം അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി മിന്നും ഫോമിലാണ് മെസ്സി. ഫ്രാന്‍സിനെതിരേ അര്‍ജന്റീന ആരാധകരുടെ പ്രതീക്ഷ മുഴുവന്‍ മെസ്സിയിലാണ്.
അതേസമയം, ഫൈനലിന് ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ സെമി ഫൈനല്‍ കളിച്ച ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പകരം ജിമ്മിലാണ് താരങ്ങൾ ചെലവഴിച്ചത്. ഇതിന്റെ ഭാഗമായാണ് മെസ്സിയും ഇന്ന് ഇറങ്ങാതിരുന്നതെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
മെസ്സിക്ക് പരിക്കേറ്റതായുള്ള വാർത്തകൾ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും നേരത്തെ തള്ളിയിരുന്നു. താരത്തിന്റെ ആരോഗ്യം നല്ല നിലയിൽ തന്നെയാണെന്നും ഓരോ കളിയിലും താരമായത് മെസ്സിയാണെന്നും മാർട്ടിനസ് പറഞ്ഞു. നെതർലൻഡ്സിനെതിരെ 120 മിനിറ്റ് കളിക്കേണ്ടി വന്നിട്ടുണ്ട്. അത് മെസ്സിക്ക് കടുത്തൊരു മത്സരമായിരുന്നു. എന്നിട്ടും എല്ലാ കളിയുടെയും അവസാനം വരെ മെസ്സി കളിക്കുകയും ചെയ്തുവെന്നും മാർട്ടിനസ് ചൂണ്ടിക്കാട്ടി.