തിരുവനന്തപുരം: 2023ലെ നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്കാന് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നയപ്രഖ്യാപനം എപ്പോള്‍ നടത്തണമെന്ന് പിന്നീട് തീരുമാനിക്കും. ബജറ്റിന് മുന്‍പ് നയപ്രഖ്യാപനം ഇല്ലെങ്കിലും അതിന് ശേഷം വേണ്ടിവരും.
ജനുവരി പകുതിയോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഇന്നലെ അവസാനിച്ച സമ്മേളനത്തിന്റെ തുടര്‍ച്ചയാകും. കലണ്ടര്‍ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്നതാണ് പതിവ്. എന്നാല്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഗവര്‍ണറെ കൊണ്ട് നയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതേസമയം ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് സമ്മേളനം നടത്താനുള്ള തീരുമാനം ഗുണകരമല്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ നിലപാട്. തീരുമാനം പുനഃപരിശോധിക്കണമെന്നാണ് തന്റെ അഭിപ്രായം. ഭരണഘടനാ അധികാരങ്ങൾ ഗവർണർക്കുണ്ട്. അതംഗീകരിച്ചു കൊടുക്കണം. ഓരോ മുഖ്യമന്ത്രിക്കും ഭരണഘടനാനുസൃതമായ കാര്യങ്ങളിൽ മാറ്റം വരുത്താൻ കഴിയുമോയെന്നും കെ. സുധാകരൻ പറഞ്ഞു.
എന്നാല്‍, സർക്കാർ തീരുമാനത്തിൽ പ്രതിപക്ഷം ഇടപെടില്ല എന്നായിരുന്നു വി.ഡി സതീശന്റെ നിലപാട്.