കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി എം.പി റിജിൽ കസ്റ്റഡിയിൽ. കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജറായിരുന്നു. മുക്കത്തുള്ള ഒരു ബന്ധുവീട്ടില്‍ നിന്ന് ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ ഒളിവിലായിരുന്നു. റിജിലിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.
റിജിൽ ഒറ്റക്കാണ് തിരിമറി നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ . മൊത്തം 21.6 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. 12.68 കോടി രൂപയാണ് കോർപറേഷനും ഒമ്പത് സ്വകാര്യ വ്യക്തികൾക്കുമായി നഷ്ടമായത്. കോർപറേഷന് 2.53 കോടി രൂപ ബാങ്ക് തിരികെ നൽകി. ബാക്കി തുക ഉടൻ മടക്കി നൽകുമെന്നാണ് ബാങ്ക് അധികൃതർ കോർപറേഷനെ അറിയിച്ചിട്ടുള്ളത്.
സംഭവത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം.പി റിജിലിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ ഈ അക്കൗണ്ടില്‍നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ 29-ാം തിയതി മുതല്‍ റിജില്‍ ഒളിവിലായിരുന്നു. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അത് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് പോലീസ് തിരച്ചിലിലായിരുന്നു.
അതേസമയം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക കോഴിക്കോട് നഗരസഭയ്ക്ക് പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയത്. ഇന്ന് ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡിൻ്റെ തീരുമാന പ്രകാരമാണ് പണം തിരിച്ചു നൽകിയത്. കോർപ്പറേഷന്റെ 8 അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയായിരുന്നു റിജിൽ തട്ടിയെടുത്തത്. ഇതിൽ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയിരുന്നു.