ന്യൂഡല്‍ഹി: ഭീമകൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവര്ത്തകന് ഫാ. സ്റ്റാൻ സ്വാമിക്കെതിരെ വ്യാജ രേഖകൾ ചമച്ചതായി റിപ്പോർട്ട്. സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ ഉണ്ടായിരുന്നത് 44 വ്യാജരേഖകളാണെന്നാണ് കണ്ടെത്തിയത്. യു എസ് ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിംഗിന്റേതാണ് കണ്ടെത്തൽ.
കേസില്‍ കുടുക്കാനായി ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പില്‍ ഹാക്കിങിലൂടെ രേഖകള്‍ സ്ഥാപിച്ചുവെന്നാണ് ആരോപണം. ഈ രേഖകള്‍ എന്‍ഐഎ കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘മാവോവാദികളുടെ കത്തുകള്‍ എന്ന നിലയില്‍ പ്രചരിപ്പിച്ചവയടക്കം 44 രേഖകളാണ് ലാപ്ടോപ്പില്‍ സ്ഥാപിച്ചത്. 2014 മുതല്‍ 2019 ജൂണ്‍ 11 വരെ ഹാക്കിങ് നടന്നു’ – അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം ആരോപിക്കുന്നു.
സ്റ്റാൻ സ്വാമിയും മാവോയിസ്റ്റ് നേതാക്കളും തമ്മിൽ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ആശയവിനിമയം നടത്തിയെന്നായിരുന്നു എൻ.ഐ.എ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 2014 മുതൽ സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ് അജ്ഞാതർ ഹാക്ക് ചെയ്തിരുന്നു എന്നും ഇങ്ങനെയാണ് മാവോയിസ്റ്റ് കത്തുകളടക്കം ഉൾപെടുത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.
തീവ്രവാദ ബന്ധമാരോപിച്ച് 2020ൽ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കസ്റ്റഡിയിലിരിക്കെ സ്റ്റാൻ സ്വാമി മരിച്ചു. എന്നാല്‍ സ്റ്റാൻ സ്വാമിയുടെ അഭിഭാഷകർ ആഴ്സണൽ കൺസൾട്ടിംഗിനെ അന്വേഷണത്തിനായി സമീപിക്കുകയായിരുന്നു.
ആരാണ് ഹാക്ക് ചെയ്തത് എന്ന് കണ്ടെത്താതിരിക്കാനും ഹാക്കര്‍മാര്‍ ശ്രമിച്ചിട്ടുണ്ട്. ജൂണ്‍ 12നാണ് പുനെ പോലീസ് സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റോണ വില്‍സിന്റേയും സുരേന്ദ്ര ഗാഡ്ലിങിന്റേയും ലാപ്ടോപ്പുകളില് ഹാക്കിങ് നടന്നതായും കണ്ടെത്തിയിരുന്നു. മൂന്ന് പേരുടേയും ലാപ്ടോപ്പ് ഹാക്ക് ചെയ്തത് ഒരാളാണെന്നും അമേരിക്കന്‍ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.