ന്യൂ ഡല്‍ഹി: അതിര്‍ത്തിയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു. സൈന്യത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കണമെന്നു പറഞ്ഞ പ്രതിരോധമന്ത്രി ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും ഇന്ത്യയുടെ ഒരിഞ്ചുഭൂമി പോലും ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും വ്യക്തമാക്കി.
ഇന്ത്യന്‍ സൈനികരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് ചൈന പിന്‍വാങ്ങിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാന്‍ ചൈന ശ്രമം നടത്തി. ചൈനയുടെ ഈ നീക്കത്തെ ഇന്ത്യന്‍ സൈന്യം പ്രതിരോധിക്കുകയാണ് ചെയ്തതെന്ന് രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവന നടത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ ഈ നടപടിയെ ആഭ്യന്തരമന്ത്രി അമിത് ഷാ അപലപിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യം സഭയില്‍ വരുന്നതിലാണ് കോണ്‍ഗ്രസിന്റെ ആശങ്ക. 2005 – 07 കാലത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷന് 1.35 കോടി രൂപ ചൈനീസ് എംബസിയില്‍ നിന്ന് സംഭാവന ലഭിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.