ന്യൂ ഡല്‍ഹി: ഇന്ത്യ ചൈന സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് തവാംഗ് അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുന്നു. അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയിലാണ് ചൈന കടന്നുകയറ്റ ശ്രമം നടത്തിയത്. ചൈനീസ് സൈന്യത്തിന്റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആണികള്‍ തറച്ച മരക്കഷ്ണവും ടേസര്‍ തോക്കുകളും കയ്യില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാല്‍ 17,000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള നീക്കം ഇന്ത്യന്‍ സൈനികര്‍ തകര്‍ക്കുകയായിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ പ്രതിരോധം കാരണം 15 ചൈനീസ് സെനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പരിക്കേറ്റ ഇന്ത്യന്‍ സൈനികര്‍ ഗുവാഹത്തിയില്‍ ചികിത്സയിലെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്.
അതേസമയം,ഈ മേഖലയില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിട്ടുണ്ട്. 2021ല്‍ തവാങ് മേഖലയിലെ യാങ്സേയില്‍ കടന്നു കയറാനുള്ള ചൈനീസ് സേനയുടെ ശ്രമത്തെ ഇന്ത്യ ചെറുത്തിരുന്നു. 2020ല്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖ ലംഘിച്ചു കടന്നു കയറാനുള്ള പിഎല്‍എയുടെ ശ്രമത്തെ ഇന്ത്യന്‍ സൈനികര്‍ ചെറുക്കുകയായിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷം ദൗര്‍ഭാഗ്യകരമെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. സര്‍ക്കാര്‍ എന്തുകൊണ്ട് ഇക്കാര്യം ഔദ്യോഗികമായി പ്രതികരിക്കുന്നില്ലെന്നും പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.