ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ ജെഎന്‍യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. കലാപ ഗൂഢാലോചന കേസില്‍ രണ്ടേകാല്‍ വര്‍ഷമായി ജയിലിലാണ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 23 മുതല്‍ 30വരെയാണ് ഡല്‍ഹിയിലെ വിചാരണക്കോടതി ജാമ്യം അനുവദിച്ചത് .
ഇടക്കാല ജാമ്യം വ്യവസ്ഥകൾക്ക് വിധേയമാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് വ്യക്തമാക്കി. ഉമർ ഖാലിദിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ത്രിദീപ് പൈസ് ഹാജരായി. ഡൽഹി പൊലീസിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദും ഹാജരായി.
സഹോദരിയുടെ വിവാഹമാണെന്ന് വ്യക്തമാക്കി രണ്ടാഴ്ച ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഉമര്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ചാണ് ഒരാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
2020ല്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കലാപത്തില്‍ 53 പേര് മരിക്കുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
കലാപവുമായി ബന്ധപ്പെട്ട ചാന്ദ്ബാഗിലെ കല്ലേറു കേസിൽ കർക്കഡൂമ കോടതി കഴിഞ്ഞാഴ്ച വെറുതെ വിട്ടിരുന്നു. എന്നാൽ, മറ്റ് കേസുകൾ നിലനിൽക്കുന്നതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാനായിരുന്നില്ല.