തിരുവനന്തപുരം: ശബരിമലയില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിച്ചതോടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം ചേരുക. ദര്‍ശന സമയം നീട്ടുന്നതടക്കമുള്ള കര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. അതേസമയം, ശബരിമലയില്‍ ദര്‍ശന സമയം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. തിരക്ക് പരിഗണിച്ച് ദര്‍ശന സമയം കൂട്ടിയിട്ടുണ്ടെന്നും ഇനിയും സമയം വര്‍ദ്ധിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. 107260 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഈ മണ്ഡലകാലത്ത് ഇത് രണ്ടാം തവണയാണ് തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്.