തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും.
അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പതിനാലാം തീയതിവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ കരകയറിയ മാന്‍ഡസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി രൂപപ്പെട്ട് വടക്കന്‍ കേരള, കര്‍ണാടക തീരം വഴി തെക്കുകിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ച സാഹചര്യത്തിലാണിത്.