തിരുവനന്തപുരം: മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു. ആര് എസ് പിയും ശരിയായ നിലപാടെടുത്തു, യു ഡി എഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു. ഇതോടെ നിയമസഭയില്‍ യുഡിഎഫിന് ബില്ലിന് അനുകൂലമായ നിലപാട് എടുക്കേണ്ടി വന്നു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
മന്ത്രി അബ്ദുറഹ്മാന്റെ വിഷയത്തില്‍ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ ശക്തമായ നിലപാട് സ്വീകരിച്ചെന്നും എം വി ഗോവിന്ദന് ചൂണ്ടിക്കാട്ടി. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യും എന്നതാണ് സിപിഐഎമ്മിന്റെ നിലപാട്.
സുധാകരന് ആര്‍എസ്എസിനെ പിന്തുണയ്ക്കുന്നു. നെഹ്റുവിനെ കുറിച്ചു പോലും തെറ്റിദ്ധാരണ പരത്തുന്നു. ലീഗിനെക്കുറിച്ചുള്ള പ്രസ്താവനകളെ ലീഗിനെ ഇടതു മുന്നണിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന് വെള്ളിയാഴ്ച്ച പറഞ്ഞത്. ലീഗിനെ പുകഴ് ത്തിയുള്ള എം വി ഗോവിന്ദന്റെ പരാമർശങ്ങളിൽ സി പി ഐ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വർഗീയ പാർട്ടിയല്ലെങ്കിലും എതിർ ചേരിയിലുള്ള ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി നടക്കുന്നത് അപക്വമായ ചർച്ചകളെന്നാണ് സി പി ഐ നിലപാട്.
അതേസമയം ലീഗിനെ തഴുകിക്കൊണ്ടുള്ള സിപിഐഎം പ്രസ്താവനകള്‍ക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ലീഗ് വര്‍ഗീയ പ്രസ്ഥാനം എന്ന് കോണ്‍ഗ്രസിന് പറയാന്‍ സാധിക്കില്ലെന്ന് കെ സുധാകരന് പറഞ്ഞു. ലീഗ് വര്‍ഗീയ പ്രസ്ഥാനം എന്ന് പറഞ്ഞത് സിപിഐഎം ആണ്. പിണറായി വിജയന് പഴയ നിലപാടില്‍ ഉറച്ചു നില്ക്കുന്നോ എന്ന് പറയാന്‍ തയ്യാറാകണം. ഗോവിന്ദന് മാസ്റ്റര്‍ ഇപ്പോള്‍ മാറ്റി പറയുന്നു. ഇതില്‍ ഏതാണ് നയം എന്ന് സിപിഐഎം വ്യക്തമാക്കണം. പിണറായി വിജയന് എത്തിപ്പിടിക്കാന്‍ പറ്റാത്ത മാങ്ങ പുളിക്കും. സിപിഐഎമ്മിന് ലീഗിനോട് പ്രേമമെന്നും സുധാകരന് പറഞ്ഞു. സിപിഐഎമ്മിന് മാത്രം പ്രേമം തോന്നിയിട്ട് കാര്യമില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.