ഷാർജ: ഷാർജയിൽ കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്യാൻ ശ്രമിച്ച എട്ട് പേർ അറസ്റ്റിലായി. ഇവരിൽ നിന്നും പണം അച്ചടിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തതായി ഷാർജ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വിവിധ കറൻസികളുടെ കള്ളപ്പണം ചെറിയ തുകയായി മാറ്റിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. അടുത്തിടെ ഷാർജയിൽ എത്തിയ ആഫ്രിക്കൻ സ്വദേശികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇൻഫർമേഷൻ സെക്യൂരിറ്റി ടീമിനെ രൂപീകരിച്ച് സംഘാംഗങ്ങളെ പിടികൂടിയതെന്നും ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഒമർ ബുൽസൂദ് പറഞ്ഞു.
പ്രതികളുടെ കൈവശം കണ്ടെത്തിയ നോട്ടുകൾ സാധാരണക്കാരനെ എളുപ്പത്തിൽ കബളിപ്പിക്കാമായിരുന്നെന്ന് കേണൽ ഒമർ കൂട്ടിച്ചേർത്തു. ക്രിമിനൽ പ്രവർത്തനങ്ങൾ പൊതു ജന ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികാരികളെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.