തിരുവനന്തപുരം: സിപിഎമ്മിന് ലീഗിനോട് പ്രേമമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സിപിഎമ്മിനു മാത്രം പ്രേമം തോന്നിയതുകൊണ്ട് കാര്യമില്ല. രണ്ടുപേര്‍ക്കും പ്രേമം ഉണ്ടായാലല്ലേ കാര്യം നടക്കൂവെന്ന് സുധാകരൻ പരിഹസിച്ചു. ലീഗ് വർഗീയ വാദികളെന്ന് പറഞ്ഞത് സിപിഎമ്മാണ്, കോൺഗ്രസല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂര്‍ എംപി കോണ്‍ഗ്രസിന്റെ സ്വത്താണ്. തരൂരും പാര്‍ട്ടിയും ഒറ്റക്കെട്ടായി പോകും. ആശയക്കുഴപ്പങ്ങളില്ല. തരൂരുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. പാര്‍ട്ടി ചട്ടക്കൂടിന് അനുയോജ്യമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സുധാകരൻ പറഞ്ഞു.
അതേസമയം കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ ലീഗിന് ഉള്‍പ്പെടെ അതൃപ്തിയുണ്ടായ സാഹചര്യത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ സുധാകരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എം എം ഹസന് ഉള്‍പ്പെടെയുള്ള നേതാക്കളാണ് സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇരിക്കുന്ന സ്ഥാനത്തെപ്പറ്റി ഓരോരുത്തര്‍ക്കും ബോധ്യം വേണം. നിലമറന്ന് പ്രവര്‍ത്തിക്കുന്നത് ദോഷം ചെയ്യുമെന്ന് ഓര്‍മിക്കണമെന്നുമായിരുന്നു വിമര്‍ശനം.