കൊച്ചി: ശശി തരൂര്‍ എം.പിയെ കൂടുതല്‍ വിമര്‍ശിച്ച് പ്രശ്നം വഷളാക്കരുതെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയില്‍ ധാരണ. തരൂരിന്റെ വ്യക്തിത്വം പാര്‍ട്ടി ഉപയോഗപ്പെടുത്തണമെന്നും സമിതിയില്‍ ആവശ്യമുയര്‍ന്നു.
വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്. ശശി തരൂരിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടതില്ല. പക്ഷേ സംഘടനാ സംവിധാനത്തെ നോക്കു കുത്തിയാക്കരുത് എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
തരൂരുമായി പ്രശ്നങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു. ഡല്‍ഹിയില്‍ വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ്. പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും സുധാകരന് പറഞ്ഞു
നേതാക്കളുടെ പരിപാടികള്‍ ഡി സി സി നേതൃത്വത്തെ അറിയിക്കണമെന്നും രാഷ്ട്രീയ കാര്യ സമിതി അഭിപ്രായപ്പെട്ടു. ശശി തരൂര്‍ ഉദ്ഘാടകനായ കോട്ടയത്തെ പരിപാടി ഡിസിസിയെ അറിയിച്ചില്ലെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു അഭിപ്രായമുയര്‍ന്നത്. സംഘടന തരൂരിനെ ഉള്‍ക്കൊണ്ടുതന്നെ മുന്നോട്ടുപോകണം. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെ പല നേതാക്കളും തുടക്കത്തില്‍ തരൂരിനെ നഖശിഖാന്തം എതിര്‍ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇതാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കിയെതന്ന് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
നിലവിലെ സാഹചര്യത്തില്‍ ശശി തരൂരിനെ കൂടുതല്‍ വിമര്‍ശിച്ച് പ്രശ്നം വഷളാക്കാതെ, അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്കുവിടുക എന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. മാത്രവുമല്ല തരൂര്‍ ഇതുവരെ പാര്‍ട്ടിവിരുദ്ധമായ ഒരുകാര്യവും സംസാരിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ പരിപാടികളില്‍ കൂടുതല്‍ ആളുകള്‍ എത്തുകയും ചെയ്യുന്നു. തികഞ്ഞ മതേതരത്വ നിലപാടാണ് തരൂര്‍ പുലര്‍ത്തുന്നതും. ഈ സാഹചര്യത്തില്‍ ഭാവിയില്‍ ശശി തരൂരിന് ലഭിക്കുന്ന വേദികളില്‍നിന്ന് അദ്ദേഹത്തെ വിലക്കേണ്ടതില്ല. അദ്ദേഹത്തിന് എതിരായ അഭിപ്രായങ്ങളുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന നിലപാടാണ് യോഗം കൈക്കൊണ്ടത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി വിശദീകരിക്കപ്പെടണമെന്നില്ല.
അതേസമയം കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ ലീഗിന് ഉള്‍പ്പെടെ അതൃപ്തിയുണ്ടായ സാഹചര്യത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ സുധാകരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എം എം ഹസന് ഉള്‍പ്പെടെയുള്ള നേതാക്കളാണ് സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇരിക്കുന്ന സ്ഥാനത്തെപ്പറ്റി ഓരോരുത്തര്‍ക്കും ബോധ്യം വേണം. നിലമറന്ന് പ്രവര്‍ത്തിക്കുന്നത് ദോഷം ചെയ്യുമെന്ന് ഓര്‍മിക്കണമെന്നുമായിരുന്നു വിമര്‍ശനം.
പൊതുവായ വിഷയങ്ങളില്‍ യോജിച്ച നിലപാട് സ്വീകരിക്കണമെന്നാണ് ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശം. നേതാക്കള്‍ ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പറയുന്നത് തിരിച്ചടിയായിട്ടുണ്ട്. രാഷ്ട്രീയകാര്യ സമിതി യോഗങ്ങള്‍ ഇടയ്ക്കിടെ ചേരണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നുവന്നു. നിര്‍ണായക വിഷയങ്ങളില്‍ യോജിച്ച തീരുമാനം കൈക്കോള്ളുന്നതിന് അത് ഉപകരിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.