തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന് വിമര്‍ശനം. ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കുന്നതിനെ പിന്തുണച്ച നടപടി തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്നാണ് പ്രതിപക്ഷ നേതാവിനെതിരായ വിമര്‍ശനം. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ വ്യക്തത വേണമായിരുന്നു. ഗവര്‍ണറേയും മുഖ്യമന്ത്രിയെയും ഒരുപോലെ എതിര്‍ക്കണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യമുയര്‍ന്നു.
സർവ്വകലാശാല ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിൽ പ്രതിപക്ഷ നേതാവ് പലഘട്ടങ്ങളിലായി സ്വീകരിച്ച നിലപാട് ആശയക്കുഴപ്പമുണ്ടാക്കിയെന്നും രാഷ്ട്രീയ കാര്യസമിതി വിലയിരുത്തി. നിർണ്ണായക വിഷയങ്ങളിൽ യോജിച്ച തീരുമാനം ഉണ്ടാകണമെന്നും അതിന് നിശ്ചിത ഇടവേളകളിൽ രാഷ്ട്രീയ കാര്യ സമിതി ചേരണമെന്ന ആവശ്യവും ഉയർന്നു.
സർവ്വകലാശാല ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിൽ വി.ഡി സതീശന്റെ നിലപാടുകളിൽ പൊരുത്തക്കേടുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. എന്നാൽ തന്റെ നിലപാടുകൾ ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമാണ് പറഞ്ഞതെന്ന് വി.ഡി സതീശൻ പ്രതികരിച്ചു.
അഞ്ചു മാസങ്ങൾക്ക് ശേഷമാണ് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നത്. കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അതേസമയം സിപിഎമ്മിന്റെ ലീഗ് അനുകൂല പ്രസ്താവനയിൽ ലീഗ് നേതൃത്വം തന്നെ മറുപടി നൽകിയതാണെന്ന് യോഗത്തിന് ശേഷം കെ മുരളീധരൻ എം.പി പറഞ്ഞു. ”പാർട്ടി ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും. ലീഗിന്റെ നയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനെ പൂർണ്ണമനസ്സോടെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു”- കെ മുരളീധരൻ എംപി പറഞ്ഞു.